Thursday, December 6, 2018

വാസ്തുപുരുഷന്‍ (Vasthupurushan)


Image result for വാസ്തുപുരുഷന്‍ images

ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഉപദ്രവകാരിയായ ഒരു ഭൂതമാണ്‌ വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ദേവാസുര യുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെട്ടതറിഞ്ഞു കുപിതനായ ശുക്രാചാര്യര്‍ അന്ധകാരന്‍ എന്നൊരു രാക്ഷസനെ ഹോമാഗ്നിയില്‍ നിന്നും സൃഷ്ടിച്ചു. ഇരുട്ടിനെ കൊട്ടാരമാക്കി വാണിരുന്ന അന്ധകാര രാക്ഷസന്‍ പ്രപഞ്ചത്തെ മുഴുവന്‍ ഇരുട്ടിനാല്‍ ആവൃതമാക്കാന്‍ ആഗ്രഹിച്ചു. ജീവജാലങ്ങള്‍ മഹാദേവനായ ശിവനെ അഭയം പ്രാപിച്ചു. ശിവനും അന്ധകാരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്‍റെ ശരീരത്തിൽ നിന്നും ഉതിർന്നു വീണ ഒരു വിയർപ്പു തുള്ളിയിൽ നിന്നുമാണ്‌ വാസ്തു പുരുഷന്‍റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്‍റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്‍റെ ആജ്ഞാനുസരണം ദേവന്മാര്‍ ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു.


ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ അവിടെയും തന്‍റെ വികൃതി തുടര്‍ന്നു. ജീവജാലങ്ങള്‍ നിസ്സഹായരായി നിന്നു. ഒടുവില്‍ ശല്യം സഹിക്കവയ്യാതെ ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിച്ചു. ഒരിക്കല്‍ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ) ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ (നിരൃതി കോൺ) കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ) ദിക്കിലും വടക്ക്-പടിഞ്ഞാറ് (വായു കോൺ) ദിക്കിലുമായി വാസ്തുപുരുഷന്‍ കിടക്കുന്ന സമയത്ത് അവന്‍ ഇനി അനങ്ങാന്‍ കഴിയാത്ത രീതിയില്‍ ബന്ധിക്കാന്‍ ബ്രഹ്മാവ്‌ ദേവകളോട് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്‍റെ നിർദ്ദേശ പ്രകാരം അൻപത്തി മൂന്ന് ദേവന്മാരും ഭൂതത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്‍റെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. തലയിൽ  ഈശാനൻ, വലത്തെ കണ്ണിൽ ദിതി, ഇടത്തെ കണ്ണില്‍  പർജന്യൻ, മുഖത്ത്  ആപൻ, കഴുത്തിൽ  ആപവത്സൻ, വലത്തെ ചെവിയിൽ അദിതി, ഇടത്തെ ചെവിയില്‍  ജയന്തൻ, വലത്തെ ചുമലിൽ  അർഗ്ഗളൻ, ഇടത്തെ ചുമലില്‍  ഇന്ദ്രൻ, വലത്തെ കൈത്തണ്ടയിൽ  ചന്ദ്രൻ, ഭല്ലാടൻ, മുഖ്യൻ, നാഗൻ ഇടത്തെ കൈത്തണ്ടയില്‍  സൂര്യൻ, സത്യകൻ, ബ്രുശൻ, അന്തരീക്ഷൻ വലത്തെ കൈത്തലയിൽ ശിവൻ , ശിവജിത് ഇടത്തെ കൈപ്പത്തിയില്‍  സാവിത്രൻ, സവിതാവ് വലത്തെ മുലയിൽ  ഭൂഭ്രുത്ത് ഇടത്തേ മുലയിലാകട്ടെ  ആർയ്യകൻ പിന്നെ, വയറിൽ മിത്രകൻ, വിവസ്വാൻ നാഭിയിൽ  ബ്രഹ്മാവ് ലിംഗത്തില്‍  ഇന്ദ്രൻ അണ്ഡത്തിൽ  ഇന്ദ്രജിത് വലത്തെ കാലിൽ വായു ,രോഗൻ, ശേഷോഖ്യൻ, അസുരൻ, വരുണൻ, പുഷ്പാദിദന്തൻ, സുഗ്രീവൻ, പ്രതിഹാരപാലൻ ഇടത്തെ കാലില്‍ അഗ്നി, പൂഷാവ്, വിതഥൻ, ഗൃഹക്ഷൻ, യമൻ , ഗന്ധർവ്വൻ , ഭ്രംഗൻ , മൃഗൻ രണ്ടു കാൽപ്പാദങ്ങളിൽ  പിത്രാഖ്യൻ പുറമേ കിഴക്കു ദിക്കിൽ  ശർവ്വസ്കന്ദൻ അഗ്നി കോണിൽ  വിദാരി തെക്കു ദിക്കിൽ ആർയ്യമാവ് നിര്യതി കോണിൽ  പുതനിക പടിഞ്ഞാറു ദിക്കിൽ  ജ്രംബകൻ, വായു കോണിൽ പാപരാക്ഷസി, വടക്കു ദിക്കിൽ പിലിപിഞ്ഛകൻ, ഈശാന കോണിൽ ചരകി എന്നിവര്‍ ഇരിപ്പുറപ്പിച്ചു.  തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും;  ശിലാന്യാസം (കല്ലിടീൽ)', കട്ടള വെയ്പ്പ്, ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കുമെന്നും  ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുമെന്നും  വാസ്തുപൂജ ചെയ്യാതെ ഗൃഹ നിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അതിനാല്‍ എപ്പോഴും മനുഷ്യര്‍ നിന്‍റെ  സാന്നിധ്യത്തിനായി പ്രാര്‍ഥിക്കുമെന്നും  അനുഗ്രഹിച്ചു.  

മറ്റൊരു കഥ ഇപ്രകാരമാണ്. ദേവാസുരന്മാർ യുദ്ധം ചെയ്യുമ്പോൾ അസുരകൾക്ക്പരാജയമുണ്ടാകുന്നത് കണ്ട ശുക്രാചാര്യൻ ഹോമം നടത്തുകയും ആ ഹോമാഗ്നിയിൽ ഒരു ഭയങ്കര രൂപൻ ജനിക്കുകയും ചെയ്യുന്നു. തനിക്ക് നേരാരുമില്ലെന്ന് അവൻ അഹങ്കരിച്ചപ്പോൾ മഹാദേവൻ കോപിച്ചു. അവൻ ഓടിയെങ്കിലും എവിടെയും നിൽക്കുവാൻ കഴിഞ്ഞില്ല. ഒടുവിൽ ശിവന്‍റെ  പാദങ്ങളിൽത്തന്നെ വീണ് നമസ്കരിച്ചു. ശിവൻ സന്തുഷ്ടനായി അവന് `വാസ്തു' എന്ന് പേര് നൽകി, അവിടെത്തന്നെ കിടക്കുവാൻ കല്പിച്ചു. ബ്രഹ്മാദിദേവകൾ ശിവാജ്ഞയനുസരിച്ച് അവന്‍റെ ശരീരത്തിൽ സ്ഥിതിചെയ്തു. മഹേശ്വരന്‍റെ ആജ്ഞപ്രകാരം വാസ്തു ശാന്തനായി കിടന്നത് ചതുരശ്രാകാരമായിട്ടത്രെ. ഈശാനകോണിൽ ശിരസ്സും, നിരൃതികോണിൽ പാദങ്ങളും, അഗ്നി-വായുകോണുകളിൽ കൈകാൽമുട്ടുകളും, മാറിടത്തിൽ കൈത്തലങ്ങളും വച്ച് കമിഴ്ന്ന് നമസ്കരിച്ച വാസ്തുവെ ദേവന്മാർ എടുത്ത് മലർത്തിവച്ച് അതിനേ്മൽ സ്ഥിതിചെയ്തുവെന്നാണ് പുരാസങ്കല്പം. വാസ്തുവിന്‍റെ ശിരസ്സിൽ ഈശാനനും വലതുകണ്ണിൽ ദിതിയും ഇടതുകണ്ണിൽ പർജന്യനും നാഭിയിൽ ബ്രഹ്മാവും ഇങ്ങനെ അൻപത്തിമൂന്ന് മൂർത്തികൾ വാസ്തുപുരുഷശരീരത്തിൽ വാഴുന്നു. ഭവനനിർമ്മാണത്തോടനുബന്ധിച്ച് വാസ്തുബലിയും വാസ്തുപൂജയും      നടത്തുന്നത് . വാസ്തുപുരുഷനെയും, അതിൽ കുടികൊള്ളുന്ന ദേവതമാരെയും തൃപ്തിപ്പെടുത്താനുള്ള കർമങ്ങളായിട്ടാണ്. വാസ്തുപുരുഷനെ പൂജിക്കേണ്ട വിധം വാസ്തുവിദ്യാശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു. 'പള്ളിയറശാസ്ത്രം' എന്ന പഴയൊരു പൂരക്കളിപ്പാട്ടിൽ വാസ്തുപുരുഷസങ്കല്പത്തെക്കുറിച്ച് ആഖ്യാനം ചെയ്യുന്നുണ്ട് (Wiki)

സൂര്യനില്‍ നിന്നും അടര്‍ന്നുവീണ ഒരു തുണ്ടാണ് ഈ ഭൂമിയെന്നും ഭൂമി ആകമാനമായി  ഒരു വാസ്തു മണ്ഡലമാണെന്നും കണക്കാക്കുന്നു. അതായത് വാസ്തുപുരുഷന്‍ എന്നാല്‍ ഭൂമി തന്നെയാണെന്നര്‍ത്ഥം. പഴയ സൌരയൂഥ സിദ്ധാന്തത്തെ കഥയില്‍ ഇണക്കി വൈദിക സംസ്കാരം കൂടി കൂട്ടിയിണക്കിയപ്പോഴാണ്  ഇപ്പോഴത്തെ പല വാസ്തു ആചാരങ്ങളും (അനാചാരങ്ങളും) പിറവിയെടുത്തത്.

.വാസ്തുപുരുഷന്‍ എപ്പോഴും ഉണര്‍ന്നിരിക്കുകയല്ലെന്നാണ് വിശ്വാസം. ചില പ്രത്യേക മാസങ്ങളില്‍ പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക സമയത്ത് മാത്രമേ വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കാറുള്ളൂവത്രേ. വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് മാത്രമേ ഗൃഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട ശുഭകര്‍മ്മങ്ങള്‍ ചെയ്യാവൂ എന്നാണ് ശാസ്ത്രം.

ഗൃഹപ്രവേശം, ഭൂമീ പൂജ, സ്ഥാപനകര്‍മ്മം തുടങ്ങിയ ശുഭകര്‍മ്മങ്ങള്‍ വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് മാത്രമേ നടത്താവൂ എന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു. ഈ സമയത്ത് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഗുണഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം.

മേടത്തില്‍ പത്താം ദിവസം ആറാം നാഴികയിലും ഇടവത്തില്‍ ഇരുപത്തിയൊന്നാം ദിവസം എട്ടാം നാഴികയിലും കര്‍ക്കിടകത്തില്‍ പതിനൊന്നാം ദിവസം രണ്ടാം നാഴികയിലും ചിങ്ങത്തില്‍ ആറാം ദിവസം പതിനൊന്നാം നാഴികയിലും തുലാം മാസത്തില്‍ പതിനൊന്നാം ദിവസം രണ്ടാം നാഴികയിലും വൃശ്ചികത്തില്‍ എട്ടാം ദിവസം പത്താം നാഴികയിലും മകരത്തില്‍ പന്ത്രണ്ടാം ദിവസം എട്ടാം നാഴികയിലും കുംഭത്തില്‍ ഇരുപത്തിരണ്ടാം ദിവസം എട്ടാം നാഴികയിലും വാസ്തുപുരുഷന്‍ ഉറക്കമുണരും.

വാസ്തുപുരുഷന്‍ ഉറക്കമുണര്‍ന്നാലും അധിക സമയം കര്‍മ്മനിരതനായിരിക്കില്ല. ഏകദേശം ഒന്നര മണിക്കൂര്‍ നേരമാണ് വാസ്തുപുരുഷന്‍ കര്‍മ്മനിരതനാവുന്നത്. പല്ലുതേപ്പ്, സ്നാനം, പൂജ, ആഹാരം, മുറുക്ക് എന്നിങ്ങനെ 18 മിനിറ്റുകള്‍ (45നാഴിക) ദൈര്‍ഘ്യമുള്ള അഞ്ച് പ്രവര്‍ത്തികളാണ് ഉണരുന്ന സമയത്ത് ചെയ്യുന്നത്. ഇതില്‍ അവസാനത്തെ 36 മിനിറ്റ് നേരം വാസ്തു സംബന്ധിയായ ശുഭകാര്യങ്ങള്‍ക്ക് അത്യുത്തമമാണ്. പഴയ കാലാവസ്ഥ പ്രകാരം കനത്ത മഴയുള്ള സമയം ഒഴിവാക്കി ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യമായ സമയം കണ്ടെത്തുകയാണ്  ഉദ്ദേശ്യം. എങ്കിലും പഴയ കേരളീയ ജീവിത രീതിയില്‍ രാവിലെ എണീറ്റ്‌ വരുമ്പോള്‍ മുതല്‍ മനുഷ്യന്‍ ചെയ്യുന്ന ഓരോ കര്‍മ്മങ്ങളുമായി വാസ്തുപുരുഷന്‍റെ പ്രവൃത്തികളെ സാമ്യപ്പെടുതിയിരിക്കുന്നു  എന്ന് മാത്രം.  യഥാര്‍ത്ഥത്തില്‍ ആ ദിവസങ്ങളിലെ സൂര്യോദയം കണക്കാക്കി അത് മുതല്‍ അനുയോജ്യമായ സമയമാണ് കണക്കാക്കിയിട്ടുള്ളത്.

മത്സ്യപുരാണത്തിലെ ‘വാസ്തുഭൂതോദ്ഭവധ്യായ’ത്തിലാണ്  വാസ്തു പുരുഷനെക്കുറിച്ചുള്ള  വിവരണം ഉള്ളത്.
(ചിത്രം കടപ്പാട് : Planetjyothisham.blogspot.com )

No comments:

Post a Comment