ഭാരതത്തില്‍ ഗൃഹനിർമ്മാണപ്രവർത്തനങ്ങളിൽ കലയും ശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ട് പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തില്‍ പ്രയോഗിക്കപ്പെടുന്ന പൗരാണികസമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട് സാധാരണയായി ദ്യോതിപ്പിക്കുന്നത്. നാട്ടു ഭാഷയില്‍ തച്ചുശാസ്ത്രമെന്നും വ്യവഹരിക്കപ്പെടുന്നു. മുൻകാലങ്ങളിൽ ഹിന്ദുക്ഷേത്രങ്ങളുടെ നിർമ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി ഇന്ന്, താമസിക്കുന്നതിനുള്ള വീടുകള്‍, ഫ്ലാറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍, കിണറുകള്‍ തുടങ്ങിയവയുടെ നിർമ്മാണത്തിലും അവലംബിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ സ്ഥാനം, അളവുകള്‍, നിര്‍മ്മാണ പ്രക്രിയ എന്നിവയും അതിലെ വിവിധ മുറികളുടെ സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രമനുസരിച്ച് ക്രമീകരിക്കുന്നത്.
സ്വന്തം കൂടുണ്ടാക്കി വസിക്കുന്ന എല്ലാത്തരം ജീവികളും പ്രത്യേക മാനങ്ങളില്‍ അവയുടെ വാസം നിര്‍മ്മിക്കുന്നു. ഒരു പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ട ജീവികളുടെ കൂടുകള്‍ക്ക് വളരെ സാമ്യം കാണാന്‍ കഴിയും. എന്നാല്‍ മനുഷ്യനാവട്ടെ സ്വന്തം കഴിവും ഭാവനാശക്തിയും ഉപയോഗിച്ച് വ്യത്യസ്ത രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ വാസ സ്ഥാനം നിറപ്പകിട്ടോടെ അലങ്കരിക്കുന്നതില്‍ പല ജീവികളും മനുഷ്യനെ അതിശയിപ്പിക്കും. മറ്റൊരു പ്രധാന വ്യത്യാസം കൂടിയുണ്ട്: പൊതുവേ ജീവികള്‍ അതതു പ്രദേശത്തെ കാലാവസ്ഥക്ക് അനുസൃതമായ കൂടുകള്‍ ഉണ്ടാക്കുമ്പോള്‍ മനുഷ്യനാകട്ടെ അക്കാര്യം പലപ്പോഴും വിസ്മരിച്ചുകൊണ്ട് വലിപ്പത്തിനും രൂപത്തിനും ആഡം ബരത്തിനും പ്രാധാന്യം നല്‍കി വീടുകള്‍ നിര്‍മ്മിക്കുന്നു.
വീടുകളുടെ ചരിത്രത്തിന് മനുഷ്യ വംശത്തോളം തന്നെ പഴക്കം കാണും. ഭാരതത്തെ പോലെ പുരാതന ഗ്രീസിലും ഈജിപ്ത് , മെസപ്പോട്ടെമിയ തുടങ്ങിയ സംസ്കാരങ്ങളിലും വാസ്തുവിദ്യക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും ഈ വിദ്യ ഏറെ പ്രചാരം നേടിയിരുന്നു. രാജാവിന്‍റെയും ഭരണാധിപന്മാരുടെയും സ്ഥാനക്രമം പ്രതിഫലിക്കുന്ന രീതിയില്‍ അവര്‍ ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ബുദ്ധമതത്തിലും വാസ്തുവിദ്യക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. അവരുടെ സ്തൂപങ്ങളും പഗോഡകളും ഇതിനു തെളിവാണ്. മധ്യ പൂര്‍വേഷ്യന്‍ വാസ്തുവിദ്യയുടെ പരിഷ്കൃത രൂപമാണ് ഇസ്ലാമിക വാസ്തുവിദ്യ.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായ കുതിപ്പ് വാസ്തുവിദ്യയേയും സ്വാധീനിച്ചു. ലോഹങ്ങളുടെ ഉപയോഗം, സിമന്‍റ് , കോണ്‍ക്രീറ്റ്, ജിപ്സം തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗം, മരത്തിന്റെ ഉപയോഗം കുറയ്ക്കല്‍, ഭാരം കുറഞ്ഞ മേല്‍ക്കൂരകള്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ വന്നു. എങ്കിലും ഏതാനും ദശകങ്ങള്‍ കൂടി കഴിഞ്ഞാണ് പരിസ്ഥിതി ആഘാതം വളരെ കുറയ്ക്കുന്ന തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കുക എന്ന സങ്കല്പം ഉണ്ടായത്. ഇന്ന് വീടുനിര്‍മ്മാണം ഒരു പ്രധാന ശാസ്ത്രശാഖയായി വികസിച്ചിരിക്കുന്നു. ഈട്, സുസ്ഥിരത, ഗുണം, നിർമ്മാണ ചിലവ്, പ്രാദേശിക കെട്ടിട നിർമ്മാണ നിയമങ്ങൾ തുടങ്ങിയ വസ്തുതകളെ കുറിച്ചുള്ള പഠനവും പരിസ്ഥിതിക്ക് അനുഗുണമായി മനോഹരമായ നിര്‍മ്മിതികള്‍ സൃഷ്ടിക്കുക എന്ന ആശയവും ഉള്‍ക്കൊണ്ടാണ് സുസ്ഥിര നിര്‍മ്മിതികള്‍ ചെയ്തുവരുന്നത്.
നൂറ്റാണ്ടുകള്‍ക്ക് ശേഷം, വീണ്ടും നാം ഭാരതീയ വാസ്തുവിദ്യയുടെ ഗുണഗണങ്ങള്‍ തേടുകയാണ്. സ്വസ്ഥ ജീവിതം, ആരോഗ്യം, ഐശ്വര്യം എല്ലാം നമുക്ക് നല്‍കിയിരുന്ന ആ മഹത്തായ ശാസ്ത്രം ആധുനികതയുടെ നിഴലില്‍ നിന്നും പതുക്കെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സ്മൃതികളിലും സംഹിതകളിലുമായി വ്യാപിച്ചു കിടക്കുന്ന അമൃതസമാനമായ ശാസ്ത്രത്തെ നമുക്കും ആദരിക്കാം.
(ചിത്രം കടപ്പാട്: Wikipedia)
No comments:
Post a Comment