Sunday, April 5, 2015

ഭാരതീയ വാസ്തു : ആധികാരിക ഗ്രന്ഥങ്ങള്‍


Image result for kerala old temple photos



ലോകത്തിലെ മറ്റു പല സംസ്കാരങ്ങളില്‍നിന്നും വ്യത്യസ്തമായി ഭാരതത്തില്‍ തലമുറ തലമുറയായി വിദ്യ പകര്‍ന്നു നല്‍കിയിരുന്നത് "വാമൊഴി" ആയാണ്. അതായത് ഗുരു ശിഷ്യന് ശ്ലോകങ്ങളിലൂടെ പകര്‍ന്നു നല്‍കുന്ന വിധത്തില്‍. വാസ്തുവിദ്യ മാത്രമല്ല, വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും എല്ലാം ഇങ്ങനെ പകര്‍ന്നിരുന്നു. ഇതിന്‍റെ ഏറ്റവും വലിയ ഗുണം എന്തെന്നാല്‍  ഒരു ഗുരുവിന്‍റെ ശിഷ്യന്‍ ഭാവിയില്‍ ഗുരുസ്ഥാനം നേടുമ്പോള്‍  അയാള്‍ സ്വന്തം പ്രായോഗിക അറിവുകള്‍ കൂടി അടുത്ത തലമുറയ്ക്ക് കൈമാറുന്നു എന്നതാണ്. പ്രഗത്ഭരായ പല 'തച്ചന്‍'മാരും ഈ വിധത്തില്‍ തന്നെ ഇന്നും വിദ്യ കൈമാറുന്നു. എന്നാല്‍ ഇതിനുള്ള ഒരു ദോഷം വരമൊഴിയായി എഴുതിയ ഗ്രന്ഥങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ്. ഏതെങ്കിലും ഒരു ഗുരുവിന്, തനിക്കു പ്രാഗത്ഭ്യമുള്ള ഒരു വിദ്യ കൈമാറാന്‍ ശിഷ്യന്‍ ഇല്ലാതെ വന്നാല്‍ ആ വിദ്യ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുന്നു. പാരമ്പര്യ വൈദ്യ ശാസ്ത്രത്തില്‍     എന്നതുപോലെ വാസ്തു ശാസ്ത്രത്തിലും സംഭവിച്ച വലിയൊരു ആപത്താണ് ഇത്.

"സ്ഥാപത്യവേദം" എന്നാണ് വാസ്തുവിദ്യ അറിയപ്പെടുന്നത്. മാത്സ്യം, മാര്‍ക്കണ്ഡം, ഭാഗവതം, ഭവിഷ്യം, ആഗ്നേയം, നാരദം, സ്കാന്ദം തുടങ്ങിയ പുരാണങ്ങളിലെല്ലാം ഈ വിദ്യയെ പരാമര്‍ശിക്കുന്നു. അഗ്നിപുരാണത്തില്‍ ആറു പടലങ്ങളിലായി വാസ്തുശാസ്ത്രം വിവരിക്കപ്പെടുന്നു. വാസ്തു ആചാര്യന്മാരായ ഭൃഗു, അത്രി, വസിഷ്ഠന്‍, വിശ്വകര്‍മ്മന്‍, മയന്‍, നാരദന്‍, അഗ്നിജിത് (നഗ്നജിത്), വിശാലാക്ഷന്‍, പുരന്ദരന്‍ തുടങ്ങി പതിനെട്ട് ആചാര്യന്മാരെ വിവരിക്കുന്നു. അര്‍ഥശാസ്ത്രം, നാട്യശാസ്ത്രം, ബ്രുഹത്സംഹിത, മയമതം, മാനസാരം എന്നീ ഗ്രന്ഥങ്ങളും (സംഹിതകളും) വാസ്തു ശാസ്ത്രത്തെ പ്രതിപാദിക്കുന്നു. കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകർച്ച, ശില്‌പവിദ്യ വാൽനക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹത്ഗ്രന്ഥമാണ്‌ 'ബ്രഹത്‌ സംഹിത'. എ.ഡി, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതിശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനുമായ വരാഹമിഹരനാണ്‌ ഇതിന്റെ രചയിതാവ്‌. പാർപ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ വിശദമായി പ്രതിപാദിക്കുന്ന  അധ്യായങ്ങൾ ഇതിലുണ്ട്‌.

വേദങ്ങൾക്കു പുറമേ പല ആഗമഗ്രന്ഥങ്ങളിലും ശില്‌പവിദ്യാപരമായ വിശദാംശങ്ങള്‍  ഉണ്ട്‌. ആഗമ ഗ്രന്ഥങ്ങള്‍ എല്ലാം അക്കാലത്തെ ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. അവയിലെ ക്രിയാപദം എന്ന വിഭാഗത്തിലാണ് നിര്‍മ്മാണതന്ത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാമികാഗമം, കർണാഗമം, സുപ്രഭേദാഗമം, വൈഖാനസാഗമം, അംശുമദ്ഭേദാഗമം എന്നിവയാണ്‌ ഇതിൽ പ്രധാനപ്പെട്ടത്‌. കിരണതന്ത്രം, ഹയശീർഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടില്യnte അർത്ഥശാസ്‌ത്രം, ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അര്‍ത്ഥ ശാസ്ത്രത്തില്‍ അളവുകളുടെ പ്രാധാന്യം കൃത്യമായി വര്‍ണ്ണിക്കുന്നു. രാജഗൃഹം, കോട്ട, മതിലുകള്‍ വീഥികള്‍ ഇവ കൂടാതെ ഓരോ ഗൃഹത്തിന്‍റെയും ചുറ്റും വേണ്ട സ്ഥലത്തിന്‍റെ വിവരണം പോലും അതില്‍ ഉണ്ട്.  

പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കൃതികളാണ്‌ മാനസാരം, മയൻ രചിച്ച മയമതം, ഭോഗരാജാവ്‌ രചിച്ച സമരാങ്കണ സൂത്രധാര, വരാഹമിഹരന്‍റെ വിശ്വകർമ്മ പ്രകാശം, ശില്‌പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയ ചന്ദ്രിക എന്നിവ. ഇതിൽ മാനസാരത്തിൽ വീടുകൾ പണിയുന്നതിനെക്കുറിച്ചും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്‌. മാനസാരത്തില്‍ 70 പടലങ്ങളിലായി 5400 ശ്ലോകങ്ങള്‍ ഉണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ നാട്യഗൃഹങ്ങള്‍ അലങ്കരിക്കുന്നതിനെ വിശദമായി പ്രതിപാദിക്കുന്നു. ഇത് കൂടാതെ കാശ്യപീയം, വിശ്വകര്‍മ്മീയം, രാജവല്ലഭം, അഭിലാഷിതാര്‍ത്ഥ ചിന്താമണി  തുടങ്ങി വളരെയേറെ കൃതികളും ഗൃഹ നിര്‍മ്മാണത്തെയും രാജഗൃഹ നിര്‍മ്മാണത്തെയും  മറ്റു നിര്‍മ്മിതികളെയും കുറിച്ച്  പരാമര്‍ശിക്കുന്നുണ്ട്. തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത്  എഴുതിയ  മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥമാണ് കേരളത്തില്‍  ഇന്ന് വളരെ സാധാരണമായി ഉപയോഗിക്കുന്ന ആധികാരിക ഗ്രന്ഥം. ഏഴ് അധ്യായങ്ങളിലായി 247  ശ്ലോകങ്ങള്‍ ആണ് ഇതില്‍ ഉള്ളത്.  ഭാരതീയ ഗൃഹനിര്‍മ്മാണ രീതിയില്‍ അന്നുവരെ (എ.ഡി. 1600) നിലവിലിരുന്ന ആശയങ്ങള്‍ അതില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മലയാളത്തില്‍ എഴുതപ്പെട്ട  വാസ്തുവിദ്യ, കുഴിക്കാട്ട്‌ പച്ച (മന്ത്രവാദ ഗ്രന്ഥം) , ഭാഷാ ശില്‍പ്പ രത്നം എന്നിവയും കേരളീയ ആചാര്യന്മാരുടെ പ്രത്യേകം എടുത്തു പറയാവുന്ന  സംഭാവനകളാണ്.
(ചിത്രം : www.minordiversion.com)

വാസ്തു ശാസ്ത്രം (Vasthu Sasthram)


Image result for kerala old temple photos

ഭാരതത്തില്‍ ഗൃഹനിർമ്മാണപ്രവർത്തനങ്ങളിൽ കലയും ശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ട് പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തില്‍ പ്രയോഗിക്കപ്പെടുന്ന പൗരാണികസമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട്  സാധാരണയായി ദ്യോതിപ്പിക്കുന്നത്. നാട്ടു ഭാഷയില്‍ തച്ചുശാസ്ത്രമെന്നും വ്യവഹരിക്കപ്പെടുന്നു.  മുൻകാലങ്ങളിൽ ഹിന്ദുക്ഷേത്രങ്ങളുടെ നിർമ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി ഇന്ന്, താമസിക്കുന്നതിനുള്ള വീടുകള്‍, ഫ്ലാറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍, കിണറുകള്‍ തുടങ്ങിയവയുടെ  നിർമ്മാണത്തിലും അവലംബിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ സ്ഥാനം, അളവുകള്‍, നിര്‍മ്മാണ പ്രക്രിയ എന്നിവയും   അതിലെ വിവിധ മുറികളുടെ സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രമനുസരിച്ച് ക്രമീകരിക്കുന്നത്.

സ്വന്തം കൂടുണ്ടാക്കി വസിക്കുന്ന എല്ലാത്തരം  ജീവികളും പ്രത്യേക മാനങ്ങളില്‍ അവയുടെ വാസം നിര്‍മ്മിക്കുന്നു. ഒരു പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ട ജീവികളുടെ കൂടുകള്‍ക്ക് വളരെ സാമ്യം കാണാന്‍ കഴിയും. എന്നാല്‍ മനുഷ്യനാവട്ടെ  സ്വന്തം കഴിവും ഭാവനാശക്തിയും ഉപയോഗിച്ച്  വ്യത്യസ്ത രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നു.  എന്നാല്‍ വാസ സ്ഥാനം നിറപ്പകിട്ടോടെ അലങ്കരിക്കുന്നതില്‍ പല ജീവികളും മനുഷ്യനെ അതിശയിപ്പിക്കും. മറ്റൊരു പ്രധാന വ്യത്യാസം കൂടിയുണ്ട്: പൊതുവേ ജീവികള്‍ അതതു പ്രദേശത്തെ കാലാവസ്ഥക്ക് അനുസൃതമായ കൂടുകള്‍ ഉണ്ടാക്കുമ്പോള്‍ മനുഷ്യനാകട്ടെ അക്കാര്യം പലപ്പോഴും വിസ്മരിച്ചുകൊണ്ട്‌  വലിപ്പത്തിനും രൂപത്തിനും ആഡം ബരത്തിനും പ്രാധാന്യം നല്‍കി വീടുകള്‍ നിര്‍മ്മിക്കുന്നു.

വീടുകളുടെ ചരിത്രത്തിന്  മനുഷ്യ വംശത്തോളം തന്നെ പഴക്കം കാണും. ഭാരതത്തെ പോലെ പുരാതന ഗ്രീസിലും  ഈജിപ്ത് , മെസപ്പോട്ടെമിയ തുടങ്ങിയ സംസ്കാരങ്ങളിലും വാസ്തുവിദ്യക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും ഈ വിദ്യ ഏറെ പ്രചാരം നേടിയിരുന്നു. രാജാവിന്‍റെയും ഭരണാധിപന്മാരുടെയും സ്ഥാനക്രമം പ്രതിഫലിക്കുന്ന രീതിയില്‍ അവര്‍ ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ബുദ്ധമതത്തിലും വാസ്തുവിദ്യക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. അവരുടെ സ്തൂപങ്ങളും പഗോഡകളും ഇതിനു തെളിവാണ്.  മധ്യ പൂര്‍വേഷ്യന്‍ വാസ്തുവിദ്യയുടെ പരിഷ്കൃത രൂപമാണ് ഇസ്ലാമിക വാസ്തുവിദ്യ.

ഇരുപതാം നൂറ്റാണ്ടിന്‍റെ  ആദ്യകാലങ്ങളില്‍ ശാസ്ത്ര സാങ്കേതിക രംഗത്ത്‌ ഉണ്ടായ കുതിപ്പ്  വാസ്തുവിദ്യയേയും സ്വാധീനിച്ചു. ലോഹങ്ങളുടെ ഉപയോഗം, സിമന്‍റ് , കോണ്‍ക്രീറ്റ്, ജിപ്സം തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗം, മരത്തിന്റെ ഉപയോഗം കുറയ്ക്കല്‍, ഭാരം കുറഞ്ഞ മേല്‍ക്കൂരകള്‍  തുടങ്ങിയ പരിഷ്കാരങ്ങള്‍ വന്നു. എങ്കിലും ഏതാനും ദശകങ്ങള്‍ കൂടി കഴിഞ്ഞാണ് പരിസ്ഥിതി ആഘാതം വളരെ കുറയ്ക്കുന്ന തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കുക എന്ന സങ്കല്പം ഉണ്ടായത്.  ഇന്ന് വീടുനിര്‍മ്മാണം ഒരു പ്രധാന ശാസ്ത്രശാഖയായി വികസിച്ചിരിക്കുന്നു. ഈട്, സുസ്ഥിരത, ഗുണം, നിർമ്മാണ ചിലവ്, പ്രാദേശിക കെട്ടിട നിർമ്മാണ നിയമങ്ങൾ തുടങ്ങിയ വസ്തുതകളെ കുറിച്ചുള്ള പഠനവും  പരിസ്ഥിതിക്ക് അനുഗുണമായി മനോഹരമായ നിര്‍മ്മിതികള്‍ സൃഷ്ടിക്കുക എന്ന ആശയവും ഉള്‍ക്കൊണ്ടാണ് സുസ്ഥിര നിര്‍മ്മിതികള്‍ ചെയ്തുവരുന്നത്.

നൂറ്റാണ്ടുകള്‍ക്ക് ശേഷം, വീണ്ടും നാം ഭാരതീയ വാസ്തുവിദ്യയുടെ ഗുണഗണങ്ങള്‍ തേടുകയാണ്. സ്വസ്ഥ ജീവിതം, ആരോഗ്യം, ഐശ്വര്യം എല്ലാം നമുക്ക് നല്‍കിയിരുന്ന ആ മഹത്തായ ശാസ്ത്രം ആധുനികതയുടെ നിഴലില്‍ നിന്നും പതുക്കെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സ്മൃതികളിലും സംഹിതകളിലുമായി  വ്യാപിച്ചു  കിടക്കുന്ന അമൃതസമാനമായ ശാസ്ത്രത്തെ നമുക്കും ആദരിക്കാം.
(ചിത്രം കടപ്പാട്: Wikipedia)